Sunday, February 19, 2012

പിള്ള ചവിട്ടിയാല്‍ ...



ജനാധിപത്യം എന്നൊരു പദം ഉണ്ടത്രേ. നോമിനേഷന്‍ കൊടുക്കുകയും കരയോഗം വഴി ജയിച്ചു കേറുകയും ചെയ്യുക എന്നതായിരുന്നു സ്ഥിരം പരിപാടി. അതോണ്ട് ഈ കുന്തം എന്നാണെന്ന് കേട്ടിട്ടില്ല. പേരിനു പിറകില്‍ പിള്ളയുള്ളതോണ്ട് കരയോഗക്കാര്‍ കാര്യം നോക്കും. അല്ലെങ്കിലും നായരും പിള്ളയുമൊക്കെ പണ്ട് മുതലേ കാര്യം നോക്കാന്‍ മിടുക്കന്മാര്‍ ആണല്ലോ. മലകള്‍ക്കിടയില്‍ ആറു വന്നപ്പോള്‍ ഇടമലയാര്‍ എന്ന് ആരോ പറഞ്ഞു. ജനങ്ങള്‍ വെള്ളം കുടിക്കുന്ന കാര്യമല്ലേ എന്നോര്‍ത്ത് സര്‍ക്കാരിനു ലാഭമാണോ നഷ്ടമാണോ എന്നൊന്നും നോക്കിയല്ല. ജനം എങ്ങനെയെങ്കിലും വെള്ളം കുടിക്കണം എന്നല്ലേ പണ്ട് മുതലേ ഉള്ള ആഗ്രഹം. പക്ഷെ വേലിക്ക് അകത്തു നില്‍ക്കാത്ത അച്യുതന്‍ അത് കുത്തി പോക്കും എന്ന് കരുതിയില്ല. പൊക്കിയാലും ഇന്ത്യന്‍ നിയമ വ്യവസ്ഥ ആയോണ്ട് കൊച്ചുമകന്‍ ഷഷ്ടിപൂര്‍ത്തി ആവുമ്പോഴേ വിധി വരൂ എന്ന് കരുതി. പക്ഷെ കാലക്കേടിന് സുപ്രീം കോടതി പതിവ് തെറ്റിച്ചു ഒരു കൊല്ലം അകത്തു കിടക്കാന്‍ കല്‍പ്പിച്ചു .

പറഞ്ഞത് സുപ്രീം കോടതി ആയോണ്ട് ഒരു അന്തസ്സുണ്ട്. കീഴ്കോടതി ആയെങ്കില്‍ കാണാമായിരുന്നു. കീഴ്കോടതി നില്‍ക്കുന്ന സ്ഥലം  ജപ്തിചെയ്യാന്‍ വേണ്ട നടപടി എടുത്തേനെ. എന്നാലും സുപ്രീം കോടതി കാണിച്ചത് തെറ്റാണ്.തറവാടികളെ ശിക്ഷിക്കുന്നത് നാട്ടു നടപ്പിനു എതിരാണ്. പിള്ള മനസ്സില്‍ കള്ളമില്ല എന്ന് ഭാഷ ശാസ്ത്രജ്ഞനെ വിളിച്ചു തെളിയിക്കണമായിരുന്നു എന്ന് തോന്നിയതാണ്. ശുംഭന്‍ എന്നാല്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടി എന്നാണെന്നും ടി പദ്മനാഭന്‍ തന്‍റെ ചെറുകഥയുടെ പേര് തിരുത്തി ശുംഭി എന്നാക്കെണ്ടാതാണ് എന്നും കോടതിയില്‍ സ്ഥാപിക്കാന്‍ ഭാഷ ശാസ്ത്രജ്ഞനെകൊണ്ട് പറ്റുന്ന കാലം ആണ.എന്തായാലും നല്ല 'തറവാടി മീന്‍കറി' എന്ന് പരസ്യത്തില്‍ പറയുന്നതുപോലെ 'നല്ല തറവാടി ജയില്‍ പുള്ളി' എന്ന പേര് ഒരു ദിവസം കൊണ്ട് നേടിയെടുത്തു . സിംഗം സിംഗിളായാലും ഫുള്‍ സെറ്റ് അപ്പ്‌ വേണം.അതുകൊണ്ട്  തന്നെ ജയിലില്‍ എ സി മുതല്‍ ടി വി വരെ വേണം എന്ന് കല്‍പ്പിച്ചു . പക്ഷെ അപ്പോള്‍ ഭരിച്ചത് വേലിക്കകത്ത്കാരന്‍ ആയോണ്ട് പലതും നടന്നില്ല.,
അതിനിടക്ക് ജനം പതിവുപോലെ ബൂത്തില്‍ കയറിയപ്പോള്‍ അച്യുതന്‍ വേലിക്ക് പുറത്തായി. ചാണ്ടി മുള്ള് വേലിക്ക് മുകളിലും ആയി. തടവില്‍ കിടക്കുന്നവര്‍ക്ക് മത്സരം ഹറാം ആയോണ്ട് അടക്കാമരം ആവില്ല എന്ന് പണ്ട് കളിയാക്കിയ അടക്ക എടുത്തു സബ്സ്ടിട്ട്യുറ്റ് ആയി പത്തനാപുരത്ത് നട്ടു. അതങ്ങട് മുളക്കുകയും  കേറി മന്ത്രിയാവുകയും ചെയ്തു. ഇതിനിടക്ക്‌ മുറക്ക് പരോള് കിട്ടി പ്രജക്ഷേമം അന്വേഷിക്കുകയും തിരിച്ചു പോകുകയും ചെയ്തു. ജയില്‍ കിടക്കുന്ന തറവാടികള്‍ക്ക് മൊബൈല്‍ വേണം എന്നും ആശയ വിനിമയം നടത്തണം എന്നും അറിയാത്ത ചാനലുകാരന്‍ പയ്യന്‍ തോണ്ടി വിളിച്ചു പിന്നേം കിട്ടി ഒരു പണി. എന്നാലും ചാണ്ടിയുടെ ഉപകാരസ്മരണയില്‍ കരപ്പന്‍, കോച്ച് വാതം, അല്ഷിമെര്സ് , രക്തം ആവിയാകുന്ന രോഗം അങ്ങനെ തറവാട്ടില്‍ പിറന്ന പത്ത് രോഗങ്ങള്‍ കാണിച്ചപ്പോള്‍ തടവറ ആശുപത്രിയായി പിന്നെ മുല്ലപ്പെരിയാര്‍ അരിതമെട്ടിക് കണക്കുവെച്ചു ഒരു കൊല്ലം തടവ്‌  എന്നത് ആറുമാസമായി ...

കളി കൈവിട്ടു പോയി എന്ന് പറഞ്ഞതുപോലെ പുറത്തിറങ്ങിയപ്പോള്‍ ആണ് പത്തനാപുരത്ത് വെച്ച അടക്ക അടക്കാമരമായി എന്ന് മനസിലായത്. കുറെ ഗര്‍ജ്ജിച്ചു നോക്കി.വരച്ച വരയില്‍ നിര്‍ത്താന്‍ വര വരച്ചു നോക്കി. റാബ്രി ദേവി , പനീര്‍ സെല്‍വം എന്നിവരുടെ 'എങ്ങനെ രാമ പാദുകം തലയില്‍ വെച്ചു ഭരതനായി ഭരിക്കാം' എന്ന അമര്ചിത്ര കഥ അയച്ചു കൊടുത്തു നോക്കി. ചെക്കന്‍ വഴങ്ങുന്നില്ല. ആനയുള്ള കുടുംബത്തിലെ മാടംബികള്‍ക്കും ഇടയ്ക്കു മദപ്പാട് വരും. അത് മാതംഗലീലയില്‍ പറഞ്ഞിട്ടുണ്ട്. അതോണ്ട് പാര്‍ട്ടി മീറ്റിംഗ് വെച്ചു. പാര്‍ട്ടി മീറ്റിംഗ് എന്ന് പറഞ്ഞാല്‍ ഇവന്റ് മാനെജ്മെന്റ് ഒന്നും വേണ്ട . അളിയനേം കൊച്ചപ്പനേം കരയോഗം പ്രസിഡന്റിനേം വിളിച്ചാല്‍ മതി. ലീഗ് ഹൌസില്‍ ബിര്യാണി ചെമ്പിന് ചുറ്റും വട്ടം കൂടി ഇരുന്നു "തീരുമാനമെടുക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തുന്നു" എന്ന ഒറ്റവരി പ്രമേയം പസാക്കുന്നതുപോലെ ലളിതം ആണ് ഇവിടേം അവസ്ഥ. നായന്മാര്‍ എല്ലാം കൂടി ചേര്‍ന്നു "പിള്ള ചവിട്ടിയാല്‍ പിള്ളയുടെ പിള്ളക്ക് കേടില്ല" എന്ന പ്രമേയം പാസാക്കും.  ആരെങ്കിലും എതിര്‍ത്താല്‍ 'തേങ്ങ പോതിക്കുന്ന പാര' എന്ന ചെറുകഥ ഉറക്കെ വായിക്കും .
ഇത്തവണ യോഗം വിളിച്ചപ്പോള്‍ മന്ത്രി വഴി പിഴക്കുന്നു എന്ന് പറഞ്ഞു രണ്ട് നായന്മാര്‍ ഒച്ച വെച്ചു. മന്ത്രി ഇറങ്ങിപ്പോയി. പിള്ള കോപിച്ചു പാര്‍ട്ടി പിളരും എന്ന് പത്രങ്ങള്‍ എഴുതിതിമര്‍ത്തു . പിളരാന്‍ പാര്‍ട്ടി എവിടെ എന്ന് ആരും ചിന്തിച്ചില്ല. ചാണ്ടിയുടെ കാര്യം കഷ്ടമായി . അധികാരം കിട്ടിയ അന്ന് മുതല്‍ എഴുപതെണ്ണത്തിനേം ആട്ടിതൊളിച്ചു വേണം സഭയില്‍ എത്താന്‍. അതില്‍ ഒരുത്തന് അതിസാരം വന്നു കക്കൂസില്‍ പോയാല്‍ ‍ സഭ നിര്‍ത്തി വെക്കണം പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാല്‍ തീര്‍ന്നില്ലേ ..അതിനിടക്കാണീ തന്തയും മോനും കളിക്കുന്നത്.പ്രഷറിന്റെ ഗുളിക രണ്ടെണ്ണം വീതം കൂട്ടി . അല്ലാതെ എന്ത് ചെയ്യും?

സംഗതി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നതാണ് രസം. പണ്ട് പെരുന്തച്ചന്‍ ‍ ഒരു പാവയെ ഉണ്ടാക്കി. പാലം കടക്കുന്നവരുടെ മുഖത്ത് തുപ്പുന്ന പാവ. അങ്ങേരുടെ മകന്‍ അതിന്‍റെ ചെകിട്ടത്ത് അടിക്കുന്ന വേറെ ഒരു പാവയെ ഉണ്ടാക്കി. പുരാണം അങ്ങനെ ആണെങ്കിലും അത് ആശാരിമാരുടെ കഥയല്ലേ .നല്ല നായര്‍ മടംബിയുറെ കഥയാണെങ്കില്‍ ചെകിട്ടത്തു അടിക്കുന്നതും നായകന്‍ തന്നെ ആവണം .അതോണ്ട് മകന്‍ ഉണ്ടാക്കിയ പാവയുടെ ചെകിട്ടത്ത് അടിക്കുന്ന റോളും അച്ഛന്‍ നല്‍കുന്ന വിധത്തില്‍ പാര്‍ട്ടി സ്ക്രിപ്റ്റില്‍ മാറ്റം വരുത്തി. മദപ്പാട് തറവാടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണല്ലോ...
ഇനി ഒരു കാര്യമേ അറിയാനുള്ളൂ . വീതുളി തച്ചന്‍ തന്നെ പ്രയോഗിക്കുമോ അതോ തച്ചന്റെ കളരിയില്‍ തന്നെ പഠിച്ച മകന്‍ തിരിച്ചു പ്രയോഗിക്കുമോ എന്ന് ?

Saturday, February 18, 2012

കവാത്ത് മറക്കുന്നവര്


ഇന്ത്യ ആഗോള ശക്തിയാവാന്‍ കാലു നീട്ടി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പാവം ഇറ്റാലിയന്‍ പൌരന്മാരുടെ അവകാശങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടണം.ഇറ്റലി നമ്മുടെ രാജ്യത്തിനു നല്‍കിയ വലിയ സംഭാവനകള്‍ ഈ അവസരത്തില്‍ സ്മരിക്കേണ്ടതാണ്. മഹത്തായ ഈ രാജ്യം ഭരിക്കുക എന്ന ചുമതല ശിരസ്സ വഹിക്കാന്‍ നമുക്കൊരു മാഡത്തെയും അതിനു ശേഷം ഭരിക്കാന്‍ ഒരു സ്വദേശി മകനെയും സംഭാവന ചെയ്യുക എന്ന വലിയൊരു കടമക്കു നാം ഇറ്റലിയോട് കടപ്പെട്ടിരിക്കുന്നു. കൊട്ടരോച്ചി മുതല്‍ കാസനോവ വരെയുള്ള പേരുകളെ ഇന്ത്യക്കാര്‍ക്ക് വിശിഷ്യ മലബാരീസിനു പരിചയപ്പെടുത്തിയത് ഈ മഹാരാജ്യമാണ്.
‌ രണ്ടു പാണ്ടികള്‍ തോക്കിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ പാവം കപ്പിത്താന്‍ എന്ത് പിഴച്ചു? അല്ലെങ്കിലെ ഇറ്റലി കടക്കെണിയില്‍ ആണ്. ഇങ്ങനെ ഉള്ള സമയത്ത് ഇന്ത്യ വേണം അവരെ സംരക്ഷിക്കാന്‍. രണ്ടു തമിഴന്മാര്‍ വെടി നെഞ്ചില്‍ ഏറ്റു വാങ്ങിയ സംഭവം ഇന്ത്യയുടെ ഐക്യ രക്ഷ്ട്രരക്ഷസമിതി അംഗത്വത്തെ വരെ ...ബാധിച്ചേക്കാം. അത് കൊണ്ട് പരസ്യമായി സര്‍ദ്ടാര്‍ജിയോ ആന്റപ്പനോ മാപ്പ് പറഞ്ഞോട്ടെ.. എന്തായാലും ജയിലില്‍ ഇടാന്‍ പറ്റില്ല. കസബിനു ബിരിയാണി കൊടുത്തു മുടിഞ്ഞിരിക്കുകയാ. ഇവര്‍ക്ക് പാസ്ട്ട, പിസ ഒക്കെ കൊടുക്കാന്‍ ഇസ്സി കാശാവും. കസബിനെ പോലെ കറുത്ത തൊലി അല്ല. നല്ല വെളുത്ത സായിപ്പിന്റെ തൊലി ആണ്. ഭോപ്പാല്‍ വാതക കേസിലെ സായിപ്പിന് രക്ഷപ്പെടാന്‍ സഹായം ഒരുക്കിയ സംഭവം ഇത്തരുണത്തില്‍ മാതൃക ആക്കാവുന്നതാണ്

കടല്ക്കൊള്ളക്കാരെ നേരിടാന്‍ പ്രാപ്തരാനെന്നു തെളിയിച്ച സായിപ്പിന് അടുത്ത ആഗസ്റ്റ്‌ പതിനഞ്ചിന് ഒരു പരമ വീര ചക്രവും പറ്റുമെങ്കില്‍ ഖേല്‍ രത്ന അവാര്‍ഡും കൊടുക്കണം..വേണേല്‍ ജസ്പാല്‍ റാണക്കും രാജ്യ വര്‍ദ്ധന്‍ രാത്തോടിനും ഇവരുംറെ കീഴില്‍ പരിശീലനാവും കൊടുക്കണം. ഉന്നത്ത്തില്‍ വെടി വെക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ കോഴിക്കോട് രാധാകൃഷ്ണ പിള്ളയുമായി ചേര്‍ന്ന് കേരള പോലീസിനു ഒരു ക്ലാസും എടുത്തു കൊടുപ്പിക്കാം. സായിപ്പാണ്‌ മോനെ സായിപ്പ് നട്ടെല്ല് വളഞ്ഞു തന്നെ നില്‍ക്കണം